അപ്പന്
മഹാകപി വയനാടൻ
( ഇന്ന് അപ്പൻ ഓര്‍മ്മയായിട്ട് മുപ്പത്തിരണ്ട് വര്‍ഷം. തിണ്ണയിലിരുന്നു നോക്കിയാല്‍ പറമ്പിലൂടെ നീങ്ങുന്ന ഉറുമ്പിനെപ്പോലും കാണത്തക്കവിധം ഒരുക്കിയിട്ടിരുന്ന തോട്ടം. അപ്പന്‍റെ മരണശേഷം, കാലമാകുന്ന ഏട്ടന്‍റെ തേവര്‍വാഴ്ച്ചയില്‍ മനംനൊന്ത മകനായ കപിയുടെ പരിവേദനം.)
തെക്കേ തൊടിയിലെ വരിക്കപ്ലാവും എന്‍റെപ്പാ
തക്കത്തിനൊരുനാൾ ഏട്ടൻ വെട്ടി വിറ്റെടുത്തെ
തെക്കൻ കാറ്റിൽ കലപിലകൂട്ടും ഇല്ലിക്കൂട്ടവും
പക്കം നോക്കാതെ മുറിച്ചുവിറ്റ് കാശാക്കിയപ്പാ
ചേരുചൊരുക്കവേ ഓടിയണഞ്ഞു തുണിയെല്ലാം
ഊരിയെറിഞ്ഞു ചുവടുചുറ്റിയ താന്നിയും
ആരുമറിയാതെ വിറ്റു കിട്ടിയ കാശിനു
ചാരായമടിച്ച് ലക്ക്കെട്ട് അവൻ നടക്കുന്നപ്പാ
ഞാലിപ്പൂവൻ വാഴത്തോട്ടം വെട്ടിവെട്ടി മുടിച്ചു
കോലംകെട്ടു കിടക്കുന്ന വടക്കേ പറമ്പും
ഞാലികൊമ്പിലും കായിക്കുന്ന ചക്കരപ്ലാവൊ
കാലത്തെതന്നെ മഴുവെച്ചു വീഴ്ത്തി അപ്പാ
ആനിക്കാവിളവർഷം നടത്തിയ നമ്മുടെയാ
ആനിമരങ്ങൾ നമ്മുടെ പറമ്പിൽ ഇന്നില്ലപ്പാ
തനി തേൻതുള്ളിവരിക്കപ്ലാവ് തഞ്ചത്തിൽ എന്നൊ
തനി ചാരായമാക്കിമാറ്റി കുടിച്ച് കളഞ്ഞപ്പാ
മൂവാണ്ടൻ മാവില്ല കിളിച്ചുണ്ടൻമാവും പോയി
പൂവിടാൻ ഇനിയൊരു പൂവാകയും ഇല്ല
കൂവളം കുമ്പിള് കുറ്റിപ്പാണൽ പയ്യാനി പാച്ചോറ്റി
ഇവയൊക്കെ ഇന്നെന്‍റെ ഓർമ്മയിലെയുള്ളു അപ്പാ
നാട്ടുമാവ് നിന്നിടത്ത് ഇന്നൊരു ഗർത്തമുണ്ടപ്പാ
കുട്ടികളേതൊ കാണാകുഴിവക്കിൽ കുമ്പിട്ടിരുന്ന്
കട്ടിക്കരിംവെറ്റിലയിൽ ചുണ്ണാമ്പ് തേച്ചുകളിച്ച്
നട്ടപ്പാതിരയ്ക്ക് കണ്ണുംനട്ട് ഭാവി പൊള്ളിയ്ക്കുന്നപ്പാ
മലചുറ്റി വന്ന ഭീകര പെരുമ്പാമ്പുകൾ
മുലകൊടുത്തു കിടന്ന കുറിഞ്ഞി പൂച്ചയുടെ
മേലെചുറ്റി വരിഞ്ഞുമുറുക്കി കൊന്ന് വിഴുങ്ങി
പാലറ്റ കുഞ്ഞുങ്ങളൊ വാവിട്ടു കരയുന്നപ്പാ
കറവ വറ്റി പൂവാലിപശുവിനെന്ന് പറഞ്ഞു
നറുംപാൽ കുടിച്ചുമദിച്ചതും ഓർക്കാതേട്ടൻ
അറവുകാരനെ വരുത്തി ചില്ലികാശാക്കി
കറകലർന്ന ദ്രവം വാങ്ങി കുടിപ്പിക്കുന്നപ്പാ
പതിവായി പരൽമീനുകളെ എണ്ണിക്കളിച്ച
അതിരുചുറ്റി അലയിട്ട് ഒഴുകിയ തോടൊ
പതിയെവറ്റി ചപ്പില ചവറുകൾ നിറഞ്ഞു
അതിമാത്രം മലിനമാം ഓവുചാലായി അപ്പാ
അതിൽനിന്നു പൊങ്ങിയ കൊതുകു കീടങ്ങൾ
പതിയെ ഞങ്ങളുടെ ആരോഗ്യം ഹനിച്ചപ്പാ
പുതിയ രോഗങ്ങൾ പടികേറിവന്ന് ഞങ്ങളെ
പതിവായി പലകുറി കിടപ്പിലാക്കി അപ്പാ
ഈറ്റില്ലം
23 Aug 2017

